Release notes

2,924 release notes

1921 – ൽ പ്രസിദ്ധീകരിച്ച പ്രാഥമിക രസവാദം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പുസ്തകത്തിന്റെ തുടക്കത്തിൽ തന്നെ ചുറ്റുമുള്ള വസ്തുക്കൾക്ക് ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്നു. ഭൗതിക മാറ്റങ്ങളെയും രാസമാറ്റങ്ങളെയും അന്നത്തെ ഭാഷയിൽ 'പ്രകൃതിവികാരം', 'രാസവികാരം' എന്നിങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു കഷണം ഇരുമ്പ് ചൂടാക്കുമ്പോഴുണ്ടാകുന്ന മാറ്റവും (ഭൗതിക മാറ്റം), അത് കാറ്റും ഈർപ്പവുമേറ്റ് തുരുമ്പെടുക്കുമ്പോൾ ഉണ്ടാകുന്ന മാറ്റവും (രാസമാറ്റം) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ഇതിൽ ലളിതമായ ഉദാഹരണങ്ങൾ നൽകിയിരിക്കുന്നു. അടിസ്ഥാന രാസവസ്തുക്കളുടെ സവിശേഷതകൾ വിശദീകരിക്കുന്ന ഭാഗങ്ങളിൽ അഗ്നി (Fire), ഇംഗാലം (Carbon), ഹൈഡ്രജൻ (Hydrogen), ഓക്സിജൻ (Oxygen), ഇംഗാലാമ്ലവാതകം (Carbon dioxide), കാൽസ്യം/ചുണ്ണാമ്പ് (Calcium) തുടങ്ങിയവയുടെ സാന്നിധ്യവും പ്രവർത്തനങ്ങളും ആഴത്തിൽ പ്രതിപാദിക്കുന്നുണ്ട്. പഴയകാല ബോധനരീതികളെയും മലയാള ശാസ്ത്ര ഭാഷയുടെ വളർച്ചയെയും അടുത്തറിയാൻ ഇത്തരം അപൂർവ്വ രേഖകൾ നമ്മെ ഏറെ സഹായിക്കും.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1913 – ൽ പ്രസിദ്ധീകരിച്ച ഭാഷാ ദൃഷ്ടാന്തശതകം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഭാഷാ ദൃഷ്ടാന്തശതകം എന്നാൽ സംസ്കൃതത്തിലുള്ള സന്മാർഗ്ഗ കവിതകൾ ലളിതമായ മലയാളത്തിൽ വ്യാഖ്യാനിച്ച് ശ്ലോകരൂപത്തിൽ തയ്യാറാക്കിയ നീതിസാര പദ്യസമാഹാരമാണ്. ​ഭാഷാ: സംസ്കൃത മൂലകൃതിയെ മലയാള ഭാഷയിലേക്ക് (ദേശഭാഷയിലേക്ക്) പുനരാവിഷ്കരിച്ചത്. ​ദൃഷ്ടാന്ത: ആശയങ്ങൾ വ്യക്തമാക്കാൻ ഉപയോഗിക്കുന്ന ഉദാഹരണങ്ങൾ അഥവാ ഉപമകൾ. ​ശതകം: നൂറു ശ്ലോകങ്ങൾ അടങ്ങിയ കാവ്യം (100 കവിതകളുടെ സമാഹാരം). കുസുമദേവ കവി സംസ്കൃതത്തിൽ രചിച്ച പ്രശസ്തമായ 'ദൃഷ്ടാന്തശതകം' എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി കെ. സി. കുഞ്ഞുരാമൻ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത കൃതിയാണ് 'ഭാഷാ ദൃഷ്ടാന്തശതകം'. നീതിസാരങ്ങളും ഉപദേശങ്ങളും ലളിതമായ ദൃഷ്ടാന്തങ്ങളിലൂടെയും (ഉദാഹരണങ്ങൾ) സുഭാഷിതങ്ങളിലൂടെയും അവതരിപ്പിക്കുന്നതാണ് ഈ കൃതിയുടെ പ്രധാന ഉള്ളടക്കം. ശിവധ്യാനം, ഗംഗാ സ്നാനം തുടങ്ങിയ ഈശ്വരീയ ചിന്തകളുടെയും ഭക്തിയുടെയും പ്രാധാന്യവും ഈ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. പ്രമുഖ സാഹിത്യകാരനായ കെ. സി. കേശവപിള്ള ഈ ഗ്രന്ഥത്തിൻ്റെ പ്രാധാന്യത്തെയും വിവർത്തകൻ്റെ ശ്രമത്തെയും പ്രശംസിച്ചുകൊണ്ട് സാക്ഷ്യപത്രം നൽകിയിട്ടുണ്ട്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925 – ൽ പ്രസിദ്ധീകരിച്ച സാന്ധില്യ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റായ ബൽസാക്കിന്റെ പ്രശസ്തമായ കൃതി 'യൂജീനി ഗ്രാൻഡെ' മലയാളത്തിലേക്ക് 'സാന്ധില്യ' എന്ന പേരിൽ പുനരവതരിപ്പിച്ചിരിക്കുകയാണ് എ. ബാലകൃഷ്ണപിള്ള. ചരിത്രസംബന്ധിയായ ആഖ്യായികകൾ മലയാളത്തിൽ വ്യാപകമായിട്ടുണ്ടെങ്കിലും സാമൂഹിക നോവലുകൾ വളരെ അപൂർവ്വമാണ്. പാശ്ചാത്യ പശ്ചാത്തലമുള്ള ഒരു ഫ്രഞ്ച് ബാലികയെ അതേപടി അവതരിപ്പിക്കുന്നതിന് പകരം, അവൾക്ക് 'സാന്ധില്യ' എന്ന വൈദികനാമം നൽകി മലയാളഭാഷയും കേരളീയതയുടെ ആചാരവിശേഷങ്ങളും പഠിപ്പിച്ച്, കേരളീയ വേഷം ചാർത്തി തദ്ദേശീയ പശ്ചാത്തലത്തിലാണ് ഈ കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. വെളുത്ത തൊലിയുള്ളവർക്കും കറുത്ത തൊലിയുള്ളവർക്കും തമ്മിൽ സ്വഭാവ വ്യത്യാസമില്ലെന്ന ബോധ്യവും, പുതിയ മാറ്റങ്ങളെ സ്വീകരിക്കാൻ മടിക്കുന്ന സമൂഹം ഈ കൃതിയെ സ്വീകരിക്കും എന്ന പ്രതീക്ഷയും മുഖവുരയിൽ പങ്കുവെക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1925 – ൽ പ്രസിദ്ധീകരിച്ച മനശക്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള സാഹിത്യത്തിലെ നവയുഗശില്പിയും മഹാകവിയുമായ എൻ. കുമാരനാശാൻ വിവർത്തനം ചെയ്ത് 1925-ൽ പ്രസിദ്ധീകരിച്ച അപൂർവ്വമായ ഒരു ഉപന്യാസഗ്രന്ഥമാണ് 'മനശക്തി'. പ്രശസ്ത ബ്രിട്ടീഷ് തത്വചിന്തകനും പ്രബോധകനുമായ ജെയിംസ് അലൻ (James Allen) രചിച്ച 'As a Man Thinketh' എന്ന ലോകപ്രശസ്ത സ്വയംവികസന കൃതിയുടെ മലയാള ഭാഷാന്തരമാണിത്. കുമാരനാശാൻ്റെ സ്വന്തം പത്രമായ വിവേകോദയം മാസികയിൽ 'മനസ്സുപോലെ മംഗളം' എന്ന പേരിൽ മുൻപ് പരമ്പരയായി പ്രസിദ്ധീകരിച്ച ലേഖനങ്ങൾ പരിഷ്കരിച്ചാണ് ഈ പുസ്തക രൂപത്തിൽ പുറത്തിറക്കിയത്. "ഒരു മനുഷ്യൻ മനസിൽ എന്താണോ ചിന്തിക്കുന്നത്, അവൻ അതായിത്തീരുന്നു" എന്ന അടിസ്ഥാന തത്വമാണ് ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്നത്. മനുഷ്യൻ്റെ ഭൗതികവും ആത്മീയവുമായ വളർച്ചയ്ക്ക് അവൻ്റെ ചിന്തകൾ തന്നെയാണ് ആധാരം. കേവലം ഒരു വിവർത്തനം എന്നതിലുപരി കുമാരനാശാൻ്റെ സാമൂഹിക കാഴ്ചപ്പാടുകളുടെയും ദർശനങ്ങളുടെയും പ്രതിഫലനം കൂടിയാണ് ഈ കൃതി.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1923 – ൽ പ്രസിദ്ധീകരിച്ച രാമായണം കുറത്തിപ്പാട്ട് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാളത്തിലെ നാടോടി സാഹിത്യ പ്രസ്ഥാനത്തിൽ സവിശേഷ സ്ഥാനമുള്ള ഒരു കൃതിയാണിത്. 'കുറത്തി' എന്ന കഥാപാത്രത്തിന്റെ സംഭാഷണ ശൈലിയിലാണ് ഇതിന്റെ രചന. ഭക്തിസാഹിത്യത്തിന്റെയോ ആധ്യാത്മിക സാഹിത്യത്തിന്റെയോ ഭാഗമായി നിലകൊള്ളുമ്പോഴും, സാധാരണക്കാരുടെ ഭാഷയിലും ഈണത്തിലുമാണ് രാമായണ കഥ ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യഭാഗങ്ങളിൽ കുറവനും കുറത്തിയും തങ്ങളുടെ യാത്രക്കായി ഒരുങ്ങുന്നതാണ് വിവരിച്ചിരിക്കുന്നത്. പിന്നീട് അയോദ്ധ്യാപുരിയിലെത്തുന്ന കുറത്തി, അവിടുത്തെ രാഞ്ജിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവരെ കാണുന്നതും തുടർന്ന് രാഞ്ജിമാരുടെ കൈരേഖകൾ നോക്കി ഭാവി പ്രവചിക്കുന്നതുമായ സന്ദർഭങ്ങളാണ് കാവ്യത്തിലുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1943-ൽ പ്രസിദ്ധീകരിച്ച, എം. രാജരാജവർമ്മ എഴുതിയ ലോകാലോകം - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിവിധ രാജ്യങ്ങളുടെയും സംസ്കാരങ്ങളുടെയും മതങ്ങളുടെയും ചരിത്രവികാസത്തെ താരതമ്യപരമായി പരിശോധിക്കുന്ന വിജ്ഞാനപ്രധാനമായ ഗ്രന്ഥമാണ് ലോകാലോകം. പ്രാചീന ഗ്രീക്ക്, ചൈനീസ്, റോമൻ സംസ്കാരങ്ങൾ മുതൽ ഇന്ത്യയുടെയും യൂറോപ്പിൻ്റെയും ചരിത്രപരമായ വികാസം വരെയുള്ള വിഷയങ്ങൾ ഒന്നാം ഭാഗത്തിൽ ചർച്ച ചെയ്യുന്നു. മഹാഭാരതം, അശോകൻ്റെ മതാനുയായിത്വം, ചൈനയുടെ ചരിത്രം, റോമൻ സാമ്രാജ്യം, അറബികളുടെ അനന്തരകാലം, യൂറോപ്യൻ ചരിത്രം, ക്രിസ്തുവിൻ്റെ അവതാരം, റോമാസാമ്രാജ്യത്തിന്റെ അധഃപതനം, രാഷ്ട്രീയസംഭവങ്ങൾ, നൈസർഗിക/മതപരമായ ചിന്തകൾ തുടങ്ങിയ വിഷയങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ക്രിസ്ത്വബ്ദം ആയിരാമാണ്ട് വരെയുള്ള ചരിത്ര സംഭവങ്ങളാണ് ഈ കൃതിയിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1892 -ൽ പ്രസിദ്ധീകരിച്ച, കൊട്ടാരത്തിൽ ശങ്കുണ്ണി വിവർത്തനം തയ്യാറാക്കിയ വിക്രമോർവശീയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കാളിദാസൻ്റെ പ്രശസ്തമായ നാടകമാണ് സംസ്കൃതത്തിലെ വിക്രമോർവശീയം. ചന്ദ്രവംശീയനായ പുരൂരവസ് രാജാവും അപ്സരസായ ഊർവ്വശിയും തമ്മിലുള്ള പ്രണയമാണ് ഇതിൻ്റെ പ്രമേയം. ഋഗ്വേദത്തിലും ശതപഥബ്രാഹ്മണത്തിലും കാണുന്ന പുരാണകഥയെ ആസ്പദമാക്കി കാളിദാസൻ അതിനെ അത്യന്തം കാവ്യാത്മകവും നാടകീയവുമായി അവതരിപ്പിച്ചിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ മലയാള പരിഭാഷ സംസ്കൃതത്തിലെ ശ്ലോകങ്ങളുടെയും സംഭാഷണങ്ങളുടെയും കാവ്യസൗന്ദര്യം കഴിയുന്നത്ര നിലനിർത്തിക്കൊണ്ട് മലയാള വായനക്കാർക്ക് സുഗമമായി വായിക്കാനാകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ സംസ്കൃത നാടകസാഹിത്യം പഠിക്കുന്നവർക്കും മലയാള സാഹിത്യവിദ്യാർത്ഥികൾക്കും ഈ കൃതി ഏറെ പ്രയോജനകരമാണ്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

കെ.കെ. നായർ വിവർത്തനം ചെയ്ത കുട്ടിക്കാലം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശ്വസാഹിത്യത്തിൽ സമുന്നതസ്ഥാനം ആജ്ജിച്ചിട്ടുള്ള ഉത്തമഗ്രന്ഥങ്ങളിൽ ഒന്നാണ് മാക്സിം ഗോർക്കിയുടെ ആത്മകഥ. അത് അദ്ദേഹത്തിൻ്റെ ഏററവും നല്ല കൃതിയായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നോവലിൻ്റെ രൂപത്തിൽ എഴുതിയിട്ടുള്ള ഈ മഹദ്ഗ്രന്ഥത്തിൻ്റെ ആദ്യഭാഗമാണ് കുട്ടിക്കാലമെന്നപേരിൽ ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത്.  ഇംഗ്ലീഷിലുള്ള റഷ്യൻ പ്രസിദ്ധീകരണത്തിൻ്റെ പരിഭാഷയാണ്‌ ഇത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1907 -ൽ പ്രസിദ്ധീകരിച്ച, ടി. രാമലിംഗം പിള്ള എഴുതിയ  പന്ത്രണ്ട് സ്ത്രീരത്നങ്ങൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1907-ൽ ടി. രാമലിംഗം പിള്ള രചിച്ച പന്ത്രണ്ട് സ്ത്രീരത്നങ്ങൾ ഷേക്സ്പിയറുടെ നാടകങ്ങളിലെ ശ്രദ്ധേയമായ പന്ത്രണ്ട് സ്ത്രീകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള കൃതിയാണ്. ഷേക്സ്പിയറുടെ നാടകങ്ങളിൽ സ്ത്രീകൾ കൈവരിക്കുന്ന വ്യത്യസ്ത വ്യക്തിത്വങ്ങളും അവരുടെ മാനസിക സംഘർഷങ്ങളും ബന്ധങ്ങളും ജീവിതദുരന്തങ്ങളും രചയിതാവ് മലയാളത്തിൽ അവതരിപ്പിക്കുന്നു. പാശ്ചാത്യ നാടകസാഹിത്യത്തിലെ സ്ത്രീകഥാപാത്രങ്ങളെ മലയാള വായനക്കാർക്ക് പരിചയപ്പെടുത്തിയ ആദ്യകാല കൃതികളിൽ ഒന്നെന്ന നിലയിലും ഈ ഗ്രന്ഥത്തിന് പ്രാധാന്യമുണ്ട്. ഷേക്സ്പിയർ നാടകങ്ങളിലെ സ്ത്രീകഥാപാത്രങ്ങളുടെ പ്രണയം, ധൈര്യം, ബുദ്ധി, ത്യാഗം, വിശ്വസ്തത, അസൂയ, അധികാരബോധം, ദുരന്താനുഭവങ്ങൾ തുടങ്ങിയ മാനുഷിക ഗുണങ്ങളും ദൗർബല്യങ്ങളും വിശകലനം ചെയ്യുന്നതാണ് കൃതിയുടെ പ്രധാന സവിശേഷത.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1907 – ൽ പ്രസിദ്ധീകരിച്ച ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മലയാള ആത്മീയ സാഹിത്യത്തിലും പരിഭാഷാ ചരിത്രത്തിലും ഒരുപോലെ ശ്രദ്ധേയമായ ഒരു കൃതിയാണ് 'ശ്രീ കാശിമാഹാത്മ്യം കിളിപ്പാട്ട്'. സംസ്കൃത പുരാണങ്ങളിലുള്ള കാശീ മാഹാത്മ്യം സാധാരണക്കാരായ മലയാളികൾക്കും എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണ് ഈ ഗ്രന്ഥം കിളിപ്പാട്ട് രൂപത്തിൽ രചിച്ചിരിക്കുന്നത്. വേദവ്യാസനാൽ രചിക്കപ്പെട്ട അഷ്ടാദശപുരാണങ്ങളിൽ പ്രധാനമായ പത്മപുരാണത്തിലെ ഉത്തരഖണ്ഡത്തിലാണ് കാശിമാഹാത്മ്യം അടങ്ങിയിരിക്കുന്നത്. നൈമിശാരണ്യത്തിൽ വെച്ച് ബ്രഹ്മപുത്രനായ ലോമശമഹർഷി മോക്ഷാഗ്രഹികളായ മറ്റ് മഹർഷിമാർക്ക് ഉപദേശിച്ചു കൊടുക്കുന്ന രീതിയിലാണ് ഇതിന്റെ കഥാസന്ദർഭം. സർവ്വലോകങ്ങൾക്കും ഉപകാരപ്രദമായ രീതിയിൽ കാശീക്ഷേത്രത്തിന്റെ പവിത്രതയും ആത്മീയ മഹിമയും ഇതിൽ വർണ്ണിക്കുന്നു. സംസ്കൃത പണ്ഡിത്യമില്ലാത്ത സാധാരണക്കാർക്ക് കാര്യങ്ങൾ എളുപ്പത്തിൽ അറിയാനായി വളരെ ലളിതവും മനോഹരവുമായ മലയാളത്തിൽ (കിളിപ്പാട്ട് ശൈലിയിൽ) കപ്പടത്ത് ശങ്കരമേനോൻ ഇത് ഭാഷാന്തരം ചെയ്തിരിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1931-ൽ പ്രസിദ്ധീകരിച്ച, കെ.എം നായർ എഴുതിയ മൂളിയിൽ കൃഷ്ണൻ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പത്തൊൻപതാം നൂറ്റാണ്ടിലെ പ്രമുഖരിൽ ഒരാളായിരുന്നു മൂളിയിൽ കൃഷ്ണൻ. വടക്കേ മലബാറിലെ ചിറക്കൽ താലൂക്കിലുള്ള താവക്കരയിലെ പ്രശസ്തമായ 'മൂളിയിൽ' തറവാട്ടിലാണ് മൂളിയിൽ കൃഷ്ണൻ ജനിച്ചത്. പരമ്പരാഗതമായിത്തന്നെ വിഷവൈദ്യത്തിനു പേരുകേട്ട തറവാടായിരുന്നു അത്. പിതാവായ പത്മനാഭനും (പൊക്കൻ ഗുരുക്കൾ) മീനാക്ഷിക്കും ഉണ്ടായ ഒൻപതു മക്കളിൽ അഞ്ചാമത്തെയാളായിരുന്നു കൃഷ്ണൻ. ബാല്യത്തിൽ പിടിപെട്ട കഠിനമായ വസൂരിരോഗം ഇടതുകണ്ണിൻ്റെ കാഴ്ച ശക്തി നഷ്ടപ്പെടുത്തി എങ്കിലും കുട്ടിക്കാലത്തു തന്നെ സംസ്കൃത ശ്ലോകങ്ങളും അമരകോശവുമൊക്കെ അതിവേഗം മനഃപാഠമാക്കാനുള്ള അപാരമായ ധിഷണാശക്തി അദ്ദേഹം പ്രകടിപ്പിച്ചു

അക്കാലത്തെ ഒരു ജ്യോത്സ്യൻ്റെ അഭിപ്രായപ്രകാരം ഇംഗ്ലീഷ് പഠിപ്പിച്ചിട്ടു കാര്യമില്ല എന്ന് വിലക്കിയിരുന്നെങ്കിലും, കൃഷ്ണൻ വീട്ടുകാർ അറിയാതെ റോമൻ കത്തോലിക്കാ സ്കൂളിൽ പോയി ഇംഗ്ലീഷ് പഠിച്ചു. 1868-ൽ കണ്ണൂരിൽ നിന്ന് ഒന്നാം റാങ്കോടെ മെട്രിക്കുലേഷൻ ജയിച്ചു. അതിനു ശേഷം കുറച്ചുകാലം കോഴിക്കോട് ഗവൺമെൻ്റ് കോളേജിൽ മലയാളം അധ്യാപകനായി ജോലി ചെയ്തിരുന്നു എങ്കിലും വൈകാതെ മദ്രാസ് പ്രസിഡൻസി കോളേജിൽ ചേർന്ന് ബി.എ ബിരുദം നേടി. 1894-ൽ ബി.എൽ നിയമ ബിരുദവും കരസ്ഥമാക്കി. മദ്രാസ് പ്രസിഡൻസി കോളേജിൽ ദീർഘകാലം മലയാളം മുൻഷിയായും 1893-ൽ മദ്രാസ് ഗവൺമെൻ്റിൻ്റെ ഔദ്യോഗിക മലയാളം ട്രാൻസ്ലേറ്ററായും സേവനമനുഷ്ഠിച്ചു. മദ്രാസ് സർവ്വകലാശാലയുടെ ഫെലോ, ഹോണററി ഫെലോ, ബോർഡ് ഓഫ് സ്റ്റഡീസ് അധ്യക്ഷൻ, ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അധ്യക്ഷൻ തുടങ്ങി നിരവധി ഉന്നത സ്ഥാനങ്ങൾ വഹിച്ചു. 1913-ൽ ഗവൺമെൻ്റ് അദ്ദേഹത്തിന് ഹോണററി പ്രസിഡൻസി മജിസ്ട്രേറ്റ് പദവി നൽകി ആദരിച്ചു

പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിലെയും മലബാറിൻ്റെയും മദ്രാസിൻ്റെയും സാമൂഹിക-വിദ്യാഭ്യാസ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അമൂല്യമായ ഒരു ജീവചരിത്ര ഗ്രന്ഥമാണ് മൂളിയിൽ കൃഷ്ണൻ. ചില അപൂർവ്വ ചിത്രങ്ങളും ഫോട്ടൊകളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂളിയിൽ കൃഷ്ണൻ മരിക്കുന്നതിന് ഏകദേശം മൂന്ന് മാസം മുമ്പ്, ഗ്രന്ഥകർത്താവായ കേ. എം. നായർ അദ്ദേഹത്തിൽ നിന്ന് നേരിട്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞാണ് ഈ പുസ്തകം തയ്യാറാക്കിയത്. മൂളിയിൽ കൃഷ്ണൻ്റെ മരണശേഷം മദ്രാസിലെത്തിയ മഹാകവി കുമാരനാശാൻ ഈ ജീവചരിത്രത്തിൻ്റെ കൈയെഴുത്തുപ്രതി വായിക്കുകയും, അതിനൊരു മുഖവുര നൽകാം എന്ന വാഗ്ദാനത്തോടെ പ്രിൻ്റ് ചെയ്യാനായി നാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൽ, ആ യാത്രയിലാണ് പല്ലനയാറ്റിൽ വെച്ച് വഞ്ചിമുങ്ങി കുമാരനാശാൻ അന്തരിക്കുന്നത്. ആശാനോടൊപ്പം ഈ പുസ്തകത്തിൻ്റെ ആദ്യ കൈയെഴുത്തുപ്രതിയും നഷ്ടപ്പെട്ടു. പന്നീട്, സൂക്ഷിച്ചുവെച്ചിരുന്ന പഴയ കുറിപ്പുകൾ യാദൃച്ഛികമായി കണ്ടെടുത്ത ശേഷമാണ് കേ. എം. നായർ ഈ പുസ്തകം പുനഃസൃഷ്ടിച്ച് 1931-ൽ പ്രസിദ്ധീകരിച്ചത്.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1933 ൽ  പ്രസിദ്ധീകരിച്ച പ്രസിദ്ധീകരിച്ച, കോട്ടായി കുമാരൻ എഴുതിയ വിധിയോട് പൊരുതിയ ചില ധീരാത്മാക്കൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജീവിതം മുന്നിൽവെച്ച പ്രതിബന്ധങ്ങളെ വിധിയുടെ തീരുമാനമായി സ്വീകരിക്കാതെ, സ്വന്തം ധൈര്യവും പരിശ്രമവും കൊണ്ട് അതിനെ നേരിട്ട പന്ത്രണ്ട് വ്യക്തികളുടെ ജീവിതത്തിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. പരാജയങ്ങളിൽ തളരാതെ ലക്ഷ്യത്തിലേക്ക് മുന്നേറിയ അവരുടെ ജീവിതാനുഭവങ്ങൾ മനുഷ്യൻ്റെ ഇച്ഛാശക്തിയുടെയും ആത്മവിശ്വാസത്തിൻ്റെയും പ്രാധാന്യം വ്യക്തമാക്കുന്നു. പഴയകാല മലയാളത്തിലെ പ്രചോദനാത്മക ജീവചരിത്രരചനകളുടെ സ്വഭാവമുള്ള കൃതിയായി ഇതിനെ പരിചയപ്പെടുത്താം. സ്വാഭിമാനം, രാജ്യസ്നേഹം, രാജഭക്തി, വിനയം തുടങ്ങിയ ഗുണങ്ങളെ കുട്ടികൾക്ക് എളുപ്പത്തിൽ പഠിപ്പിക്കുവാൻ പര്യാപ്തമായ രീതിയിൽ ആണ് ഈ കൃതി രചിച്ചിട്ടുള്ളത്. മദിരാശിയിലെയും കൊച്ചിയിലെയും പാഠപുസ്തക കമ്മിറ്റി അംഗീകരിച്ച പുസ്തകം കൂടിയാണിത്.

കോഴിക്കോട് ജില്ലയിലെ പറയഞ്ചേരി സെൻഗുപ്ത പബ്ലിക് ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.