Release notes

2,924 release notes

1965 – ൽ പ്രസിദ്ധീകരിച്ച, ശ്രീനാരായണ ഗുരു രചിച്ച ശ്രീനാരായണധർമ്മം അഥവാ ശ്രീനാരായണ സ്‌മൃതി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വർക്കല ശിവഗിരി മഠത്തിൽ വച്ച് ശ്രീനാരായണ ഗുരു അരുളി ചെയ്ത ഉപദേശങ്ങളാണ് ശ്രീനാരായണ ധർമ്മം എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ധർമ്മോപദേശങ്ങൾ പദ്യരൂപത്തിലാണ് എഴുതിയിരിക്കുന്നത്. ആത്മാനന്ദ സ്വാമികളാണ് ഗുരുദേവൻ്റെ നിർദ്ദേശപ്രകാരം ഉപദേശങ്ങൾ പകർത്തി എഴുതിയത്. മനുഷ്യരാശിയുടെ ഭാവി ജീവിതത്തെ കൂടി മുൻകൂട്ടി കണ്ട നിർദ്ദേശങ്ങൾ ആണ് ഇതിൽ അടങ്ങിയിരിക്കുന്നത്. കാലാന്തരത്തിൽ ഉണ്ടാകേണ്ട വ്യത്യാസങ്ങൾക്കിടയിലും മനുഷ്യരിൽ ഒരു ഐക്യം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകത ഗുരുദേവൻ ഇവിടെ വിശദമാക്കുന്നു. ധനം ദുർവ്യയം ചെയ്യുന്ന ആചാരങ്ങളും നടപടികളും തടയേണ്ടതിൻ്റെ ആവശ്യകതയും ഈ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1958 – ൽ പ്രസിദ്ധീകരിച്ച, മൂർക്കോത്ത് കുമാരൻ രചിച്ച കാകൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കാക്കകളുടെ ജീവിതത്തെക്കുറിച്ച് മൂർക്കോത്ത് കുമാരൻ എഴുതിയ ഗ്രന്ഥമാണിത്. ആഹാര സമ്പാദനവും ജീവിതചര്യകളും ഉൾപ്പെടെ കാക ജീവിതത്തിൻ്റെ സൂക്ഷ്മമായ അപഗ്രഥനം ആണ് ഈ പുസ്തകം. ലളിതമായ ഭാഷയിൽ വിശദീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ കാക്കകളെ കുറിച്ചുള്ള വിശ്വാസങ്ങളും പഠനവിധേയമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1952 – ൽ പ്രസിദ്ധീകരിച്ച, ആഗമാനന്ദ സ്വാമികൾ രചിച്ച ഹൈന്ദവധർമ്മം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ലോകത്തിലെ ഏറ്റവും പുരാതനവും സകല മതങ്ങളുടെ മാതാവുമാണ് ഹൈന്ദവധർമ്മമെന്ന ദർശനമാണ് ഈ ഗ്രന്ഥം മുന്നോട്ടുവെക്കുന്നത്. ചരിത്രത്തിന് നോട്ടമെത്താത്ത കാലം മുതൽക്കേ നിലനിൽക്കുന്ന സനാതന ധർമ്മം, മറ്റ് പല ആഗോള മതങ്ങളുടെയും അടിസ്ഥാനമാണെന്ന് സ്വാമികൾ ചരിത്രപരമായ തെളിവുകളോടെ സമർത്ഥിക്കുന്നു. കേവലം ആചാരങ്ങൾക്കപ്പുറം, മാനവികതയിലും ആത്മീയ സത്യങ്ങളിലും അധിഷ്ഠിതമായ ഒരു വിശ്വമതമായാണ് അദ്ദേഹം ഇതിനെ അവതരിപ്പിക്കുന്നത്. മതത്തിന്റെ പേരിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകളെ തിരുത്തുന്നതിനൊപ്പം, ഭാരതീയ ചിന്താധാരകളുടെ ഔന്നത്യം ലോകത്തിന് മുൻപിൽ അഭിമാനത്തോടെ അടയാളപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ അദ്ദേഹം ചെയ്യുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1941 – ൽ പ്രസിദ്ധീകരിച്ച, പി. ശേഷാദ്രി അയ്യർ രചിച്ച സമുദായശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സമുദായശാസ്ത്രം അഥവാ സാമൂഹ്യ ശാസ്ത്രത്തെ കുറിച്ചുള്ള വിശദമായ പഠനമാണ് ഈ ഗ്രന്ഥം. സമുദായ ശാസ്ത്രത്തിൻ്റെ വ്യാപ്തി വളരെ വിശാലമാണ്. ഒന്നിലധികം വ്യക്തികളുടെ സമ്മേളനങ്ങൾ ഏതും സമുദായം എന്ന് പറയാം. വ്യക്തികൾ തമ്മിലുള്ള ഏതു ബന്ധവും ഇതിൻ്റെ പരിധിയിൽ പെടും. വ്യക്തി ബന്ധങ്ങൾ കുടുംബപരമോ സൗഹാർദ്ദപരമോ സാമ്പത്തികമോ മതപരമോ രാഷ്ട്രീയപരമോ ആയാലും എല്ലാം സമുദായ ശാസ്ത്രത്തിലെ വിശകലനങ്ങൾക്ക് വിധേയമാകും. ഈ ഗ്രന്ഥത്തിൽ രണ്ട് ഭാഗങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാം ഭാഗത്തിൽ സമുദായ തത്വങ്ങളെ സംക്ഷിപ്തമായി വിവരിക്കുന്നു.  രണ്ടാം ഭാഗത്തിൽ പ്രാചീനകാലം മുതൽ സമുദായ ശാസ്ത്രത്തിൽ ചർച്ച നടത്തിയിട്ടുള്ള പ്രധാന ചിന്തകന്മാരുടെയും ഗവേഷകന്മാരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ഉൾപ്പെടുത്തിയിരിക്കുന്നു. മനുഷ്യസമൂഹത്തിന് സംസ്കാരപരമായ പുരോഗമനം ഏതെല്ലാം മാർഗങ്ങളിൽ നിന്നാണ് സാധിച്ചിട്ടുള്ളതെന്നും ഏത് ലക്ഷ്യത്തെ അഭിമുഖീകരിച്ചാണ് പ്രയാണം ചെയ്യേണ്ടതെന്നും ഉള്ള വസ്തുതകൾ ഗ്രഹിക്കുന്നതിന് ഈ പുസ്തകം ഉപകാരപ്രദമായിരിക്കും.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 – ൽ പ്രസിദ്ധീകരിച്ച, ലിയോ ഹ്യൂ ബർമാൻ രചിച്ച മനുഷ്യൻ്റെ ഭൗതികസമ്പത്ത് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ലിയോ ഹ്യൂ ബർമാൻ എഴുതിയ പ്രശസ്തമായ ഒരു സാമ്പത്തിക ചരിത്ര ഗ്രന്ഥത്തിൻ്റെ വിവർത്തനമാണ് ഇത്. ലോകത്തിൻ്റെ സാമ്പത്തിക ചരിത്രം സാധാരണ വായനക്കാർക്കും മനസ്സിലാകുന്ന രീതിയിൽ വിശദമായി വിവരിക്കുന്ന ഒരു ക്ലാസിക് കൃതിയായി ഇതിനെ കണക്കാക്കുന്നു. ചരിത്രത്തെ സാമ്പത്തിക ദൃഷ്ടി കോണിൽ വിശദീകരിക്കുകയാണ് ഈ പുസ്തകം. സാമ്പത്തിക സിദ്ധാന്തങ്ങളെ ചരിത്ര സംഭവങ്ങളിലൂടെ അടയാളപ്പെടുത്തുകയും ചെയ്യുന്നു. ഗ്രന്ഥകാരൻ മനുഷ്യസമൂഹത്തിൻ്റെ വളർച്ചയെ ധനം, തൊഴിൽ, അധികാരം എന്നീ ഘടകങ്ങളുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നു. ഫ്യൂഡൽ സമ്പ്രദായത്തിൻ്റെ വിശദീകരണവും വ്യവസായങ്ങളുടെ വളർച്ചയും പുതിയ നഗരങ്ങളുടെ ഉദയവും ആധുനിക മുതലാളിത്തത്തിൻ്റെ പ്രശ്നങ്ങളും സോഷ്യലിസത്തിലേക്ക് നയിക്കുന്ന ആശയങ്ങളും എല്ലാം ഈ പുസ്തകത്തിൽ വിശദമാക്കിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960-ൽ പ്രസിദ്ധീകരിച്ച, എം.ഈ. ചാക്കോ എഴുതിയ അണുപ്രവർത്തകശക്തി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

അണുശക്തിയെക്കുറിച്ചും അതിൻ്റെ സമാധാനപരമായ വിനിയോഗത്തെക്കുറിച്ചും സാധാരണക്കാർക്കു കൂടി മനസ്സിലാവുന്ന വിധത്തിലാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. അണുസിദ്ധാന്തം (Atomic Theory), അണുബോംബ്, അണുശക്തിയും സമാധാനവും, കൃഷിയിലും വ്യവസായത്തിലും അണുശക്തിക്കുള്ള പങ്ക് എന്നിങ്ങനെ 14 അധ്യായങ്ങളിലായി വിഷയം ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്രീയമായ സാങ്കേതിക പദങ്ങൾക്ക് തുല്യമായ മലയാളം പദങ്ങൾ ഗ്രന്ഥകർത്താവ് ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. വായനക്കാരുടെ സൗകര്യത്തിനായി ഇത്തരം പദങ്ങളുടെ ഇംഗ്ലീഷ് രൂപം ബ്രായ്ക്കറ്റുകളിൽ നൽകിയിട്ടുമുണ്ട്.

ആധുനിക വിഷയങ്ങളെക്കുറിച്ച് ഇന്ത്യൻ ഭാഷകളിൽ മികച്ച ഗ്രന്ഥങ്ങൾ രചിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ മദ്രാസ് സർവ്വകലാശാലയുടെ പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ന്യൂക്ലിയർ ഫിസിക്സിൽ അഗാധമായ അറിവില്ലാത്തവർക്കും ശാസ്ത്രവിഷയങ്ങൾ ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു മികച്ച കൃതിയാണിതെന്ന് മദ്രാസ് സർവ്വകലാശാല ഈ പുസ്തകത്തെ വിലയിരുത്തുന്നു

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1959 – ൽ പ്രസിദ്ധീകരിച്ച, സി. അച്ചുതക്കുറുപ്പ് രചിച്ച പുതിയ പ്ലാൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജോലിയന്വേഷിച്ച്, വേദനിക്കുന്ന മനുഷ്യത്വം, പുതിയ പ്ലാൻ, നല്ല ദിവസം, രാജി എന്നീ അഞ്ചു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1956 ൽ പ്രസിദ്ധീകരിച്ച, ആർ. മാധവപ്പൈ രചിച്ച സാഹിത്യകുശലൻ ശേഷഗിരിപ്രഭു എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഇംഗ്ലീഷിലും, സംസ്കൃതത്തിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന, വൈയാകരണൻ, ഗദ്യകാരൻ, ഉപന്യാസകർത്താവ്, മതാഭിമാനി, സമുദായസേവകൻ എന്നീ നിലകളിൽ പ്രശസ്തനായ, മഹത്തായ ആദർശങ്ങളോടുകൂടി ജീവിതം നയിച്ച ദിവ്യപുരുഷന്മാരിൽ ഒരാളായ ശേഷഗിരിപ്രഭുവിൻ്റെ ജീവചരിത്രമാണ് ഈ പുസ്തകം.

മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി മലയാളവിഭാഗത്തിൽ നിന്നാണ് ഈ പുസ്തകം ലഭ്യമായത്

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 – ൽ പ്രസിദ്ധീകരിച്ച, ശാസ്ത്രജ്ഞലോകം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പ്രസിദ്ധരായ പത്ത് ശാസ്ത്രജ്ഞന്മാരുടെ ലഘു ജീവചരിത്രം അവതരിപ്പിക്കുന്ന പുസ്തകമാണിത്. ശാസ്ത്രലോകത്തിന് അവർ നൽകിയ സംഭാവനകളും അവരുടെ പ്രധാനപ്പെട്ട കണ്ടെത്തലുകളും ഇതിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 – ൽ പ്രസിദ്ധീകരിച്ച, എൻ.ജെ. പള്ളിക്കത്തൈ രചിച്ച എക്യുമെനിസം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിവിധ ക്രൈസ്തവ സഭകൾ തമ്മിലുള്ള ഭിന്നതകൾ കുറച്ച് ഐക്യം സ്ഥാപിക്കാനുള്ള ലക്ഷ്യവുമായി രൂപമെടുത്ത ആശയമാണ് എക്യുമെനിസം. ആത്മീയവും സാമൂഹികവുമായ തലങ്ങളെ സ്വാധീനിക്കുന്ന ചിന്താധാരയാണ് ഇത്. വിശ്വാസത്തിലും ആചാരങ്ങളിലും ഉള്ള വ്യത്യാസങ്ങളെ മാനിച്ചുകൊണ്ട് പരസ്പര സഹകരണവും ഏകതയും വളർത്തുകയാണ് ഇതിൻ്റെ ലക്ഷ്യം. മനുഷ്യസ്നേഹവും സമാധാനവും പ്രോത്സാഹിപ്പിക്കുന്ന ഈ ആശയം, ക്രൈസ്തവ ലോകത്തെ ഒരുമയിലേക്ക് നയിക്കുന്ന പ്രധാനപ്പെട്ട ശ്രമമായി കണക്കാക്കപ്പെടുന്നു. എക്യുമെനിസത്തിൻ്റെ ചരിത്രം ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഈ ലക്ഷ്യത്തിന് വേണ്ടി വിവിധ നൂറ്റാണ്ടുകളിൽ നടന്ന പരിശ്രമങ്ങളും ഓരോ സഭകളുടെ സംഭാവനകളും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1970 – ൽ പ്രസിദ്ധീകരിച്ച, എൻ.കെ. സുകുമാരൻ രചിച്ച ഭൂപരിഷ്ക്കരണ വ്യവസ്ഥകൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജന്മിത്വ വ്യവസ്ഥയുടെ ദൂഷ്യവശങ്ങൾ തടഞ്ഞുകൊണ്ട് നിലവിൽ വന്ന ഭൂപരിഷ്കരണ നിയമങ്ങളുടെ വിശദാംശങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടിയാന്മാരെ ഒഴിപ്പിച്ച് ഭൂമി നേരിട്ട് കൈവശപ്പെടുത്താനുള്ള ജന്മിമാരുടെ പദ്ധതി പരാജയപ്പെടുത്തുകയായിരുന്നു ഇതിൻ്റെ പ്രധാന ലക്ഷ്യം. കുടിയാൻ്റെ നിർവചനവും പാട്ടം വ്യവസ്ഥയുടെ പൂർണ്ണമായ വിശദീകരണവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുടികിടപ്പുകാരൻ്റെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള എല്ലാ നിയമങ്ങളുടെയും വിശദമായ അവലോകനം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1968 – ൽ പ്രസിദ്ധീകരിച്ച, സദ്റുദ്ദീൻ ഇസ്ലാഹി രചിച്ച ഇസ്ലാം ഒറ്റനോട്ടത്തിൽ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മതപണ്ഡിതനും സാഹിത്യകാരനുമായ  സദ്റുദ്ദീൻ ഇസ്ലാഹി ഉറുദു ഭാഷയിൽ രചിച്ച ' ഇസ്ലാം ഏക് നസർമേ' എന്ന പുസ്തകത്തിൻ്റെ വിവർത്തനമാണ് ഇത്. ഇസ്ലാം മതത്തെ കുറിച്ചുള്ള സമഗ്രമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇസ്ലാമിക ജീവിതവ്യവസ്ഥയും വിശ്വാസങ്ങളും രാഷ്ട്രീയവും വളരെ വിശദമായിത്തന്നെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. സാമാന്യ ജനങ്ങൾക്ക് ഇസ്ലാം മതത്തെ കുറിച്ചുള്ള ഒരു ധാരണ രൂപപ്പെടുത്താൻ ഈ പുസ്തകം സഹായകമാണ്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.