Release notes

2,924 release notes

1920 – ൽ പ്രസിദ്ധീകരിച്ച, പി.വി. കൃഷ്ണവാരിയർ രചിച്ച ആര്യവൈദ്യചരിത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളത്തിലെ ആയുർവേദ പാരമ്പര്യത്തെക്കുറിച്ചുള്ള പ്രാരംഭ മലയാള ഗ്രന്ഥങ്ങളിൽ ഒന്നായി ആര്യവൈദ്യചരിത്രം കണക്കാക്കപ്പെടുന്നു. ആയുർവേദത്തിൻ്റെ സാംസ്കാരിക, സാമൂഹിക, വൈദ്യശാസ്ത്രപരമായ വികാസത്തെ രേഖപ്പെടുത്തുന്ന ഒരു പ്രധാന ചരിത്രരേഖയാണിത്. ഭാരതീയ ആയുർവേദത്തിന്റെ ഉത്ഭവവും വികാസം, പ്രാചീന വൈദ്യപരമ്പരകൾ, പ്രമുഖ വൈദ്യന്മാർ, ചികിത്സാരീതികൾ എന്നിവയെ ചരിത്രപരമായി അവതരിപ്പിക്കുന്നു. കേരളത്തിലെ ആയുർവേദ പാരമ്പര്യത്തിനും വൈദ്യകുടുംബങ്ങൾക്കും പ്രത്യേക പ്രാധാന്യം നൽകുകയും സംസ്കൃത വൈദ്യസാഹിത്യത്തിൻ്റെ സ്വാധീനവും കേരളത്തിലെ പ്രാദേശിക ചികിത്സാരീതികളുടെ വളർച്ചയും വിശദീകരിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1945 – ൽ പ്രസിദ്ധീകരിച്ച, ചെറുശ്ശേരി നമ്പൂതിരി രചിച്ച സൌഭദ്രിക കഥ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാഭാരതത്തിലെ പ്രശസ്തമായ അർജ്ജുനൻ്റെ സുഭദ്രാഹരണത്തെ മുൻനിർത്തി പഴയ മലയാളം പാട്ടുസാഹിത്യ ശൈലിയിൽ രചിക്കപ്പെട്ട അതീവ നാടകീയവും നർമ്മപ്രധാനവുമായ ഒരു കാവ്യമാണ് 'സൗഭദ്രിക കഥ'. യാദവർ സൂര്യഗ്രഹണ സ്നാനാദികൾ കഴിഞ്ഞ് ദ്വാരകയിൽ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ഈ കഥയിൽ, തീർത്ഥാടനത്തിനിടയിൽ സുഭദ്രയുടെ അതിരറ്റ സൗന്ദര്യത്തെക്കുറിച്ച് കേട്ടറിഞ്ഞ് മോഹിതനാകുന്ന അർജ്ജുനനെയാണ് അവതരിപ്പിക്കുന്നത്. സുഭദ്രയെ ബലരാമൻ്റെ പ്രിയശിഷ്യനായ ദുര്യോധനന് വിവാഹം കഴിച്ചു കൊടുക്കാൻ യാദവർ തീരുമാനിച്ചതറിഞ്ഞ് നിരാശനാകുന്ന അർജ്ജുനന്, പ്രാണസഖനായ ശ്രീകൃഷ്ണൻ ഒരു കപട സന്യാസിയുടെ വേഷം കെട്ടി ദ്വാരകയിലേക്ക് വരാൻ ഉപദേശിക്കുന്നു. ദൈവത പർവ്വതത്തിൽ സൂര്യനെപ്പോലെ തേജസ്സോടെ ധ്യാനിച്ചിരുന്ന ഈ 'വ്യാജ സന്യാസി'യുടെ മഹിമയിൽ വീണുപോകുന്ന ബലഭദ്രൻ (ബലരാമൻ), കൃഷ്ണൻ മനഃപൂർവ്വം ഉയർത്തിയ തടസ്സവാദങ്ങളെയെല്ലാം തള്ളിക്കളഞ്ഞ് അദ്ദേഹത്തെ ആദരവോടെ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയാണ് ചെയ്യുന്നത്. ഒടുവിൽ കഠിനമായ വർഷകാലത്ത് സന്യാസിക്ക് ബുദ്ധിമുട്ടാകാതിരിക്കാൻ, പണ്ട് കുന്തിദേവി ദുർവ്വാസാവ് മഹർഷിയെ പരിചരിച്ച പുരാണകഥ ഉദ്ധരിച്ചുകൊണ്ട്, ബലഭദ്രൻ സ്വന്തം സഹോദരിയായ സുഭദ്രയെത്തന്നെ അദ്ദേഹത്തിൻ്റെ ശുശ്രൂഷയ്ക്കായി അന്തഃപുരത്തിൽ ഏൽപ്പിക്കുന്നതോടെ, കൃഷ്ണൻ ഒരുക്കിയ ബുദ്ധിപരമായ കെണിയിലൂടെ സുഭദ്രയുടെ മനസ്സ് കവർന്ന് അവളെ ഹരിക്കാനുള്ള അർജ്ജുനൻ്റെ വഴി നാടകീയമായി തുറക്കപ്പെടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1926-ൽ പ്രസിദ്ധീകരിച്ച, തിരുക്കുറൾ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ധർമ്മശാസ്ത്ര ഗ്രന്ഥമായ 'തിരുക്കുറൾ' തമിഴ് സാഹിത്യത്തിലെ തന്നെ അനശ്വര കാവ്യമായി കരുതപ്പെടുന്നു. തിരുവള്ളുവർ രചിച്ച ഈ കൃതിക്ക്, വടയാറ്റുകോട്ട കെ. പരമേശ്വരൻ പിള്ള മലയാളത്തിൽ തയ്യാറാക്കിയ 'രണോദ്ധാരകം' എന്ന വ്യാഖ്യാനമാണിത്.

തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ''കടുകൈത്തുളത്തേഴ് കടലൈപ്പുകട്ടി ക്കുറുകത്തറിത്തകുറൾ'' (കടുകു തുളച്ച് ഏഴു കടലും കുറുക്കി സംഗ്രഹിച്ച് അകത്തടച്ചതാണു കുറൾ) എന്ന് ഒരു മഹാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അർത്ഥബഹുലമല്ലാത്ത ഒരു ഈരടി പോലും ഈ ഗ്രന്ഥത്തിൽ കാണാവുന്നതല്ല. തിരുക്കുറളിനെ ധർമ്മപദ്ധതി, അർത്ഥപദ്ധതി, കാമപദ്ധതി എന്നിങ്ങനെ മൂന്നായി തിരിച്ചിരിക്കുന്നു. ആകെ 133 അധികാരങ്ങളും (അധ്യായങ്ങൾ) ഓരോ അധികാരത്തിലും 10 'ഈരടികൾ' (കുറളുകൾ) വീതം ആകെ 1330 ഈരടികളും ഈ മഹാഗ്രന്ഥത്തിലുണ്ട്.

ഈ പുസ്തകത്തിൽ മൂലകൃതിയിലെ തമിഴ് ഈരടികൾ മലയാള ലിപിയിൽ കൊടുക്കുകയും, അതിനു താഴെ ലളിതമായ വ്യാഖ്യാനവും സാരാംശവും ഉൾപ്പെടുത്തുകയും ചെയ്തിരിക്കുന്നു. തിരുക്കുറളിന് മുപ്പാനൂൽ, ഉത്തരവേദം, ദൈവനൂൽ, തിരുവള്ളുവർ, പൊയ്യാമൊഴി, തമിഴ് മറൈ, പൊതുമറൈ എന്നിങ്ങനെ എട്ടോളം മറ്റു പേരുകൾ കൂടിയുണ്ടെന്ന് ഇതിൻ്റെ പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

1962 ൽ പത്താം ക്ലാസ്സിൽ പഠിച്ചവർ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായി ഉപയോഗിച്ച സാമൂഹ്യപാഠങ്ങൾ – സ്റ്റാൻഡേർഡ് X എന്ന പുസ്തകത്തിന്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്. ഇത് കേരളസർക്കാർ പ്രസിദ്ധീകരിച്ച പാഠപുസ്തകമാണ്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

1934 ൽ പ്രസിദ്ധീകരിച്ച, കരൂർ കെ.കെ. രാജാ എഴുതിയ വെള്ളിത്തോണി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പതിനഞ്ചു കവിതകളുടെ സമാഹാരമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1947-ൽ പ്രസിദ്ധീകരിച്ച, കുഞ്ചൻ നമ്പ്യാർ എഴുതിയ ഘോഷയാത്ര - ഓട്ടൻതുള്ളൽ എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സംസ്കൃതത്തിലെ മഹാഭാരതമാണ് ഈ തുള്ളൽ പാട്ടിൻ്റെ മൂലം. അതിലെ ആരണ്യപർവ്വത്തിൽ പെട്ട ഘോഷയാത്രോപർവ്വത്തിൽ 236 മുതൽ 246 വരെയുള്ള 11 അദ്ധ്യായങ്ങളിലായി ആ കഥ വ്യാപിച്ചുകിടക്കുന്നു. കഥയുടെ പ്രധാന ശരീരത്തെ മാറ്റിയിട്ടില്ലെങ്കിലും അലകും പിടിയും മാറ്റി എന്നു തോന്നത്തക്കവണ്ണം തുള്ളലിൽ ആദ്യാവസാനം നമ്പ്യാരുടെ സ്വത്വമുദ്ര പതിഞ്ഞുകാണുന്നു. ഫലിതവും പരിഹാസവും വേണ്ടുവോളം സൃഷ്ടിച്ചിരിക്കുന്നു. പുരാണകഥാകഥനമെന്ന പശ്ചാത്തലത്തിൽ കേരളീയ ജീവിതം ചിത്രീകരിക്കാൻ ഒരുമ്പെട്ട അദ്ദേഹം ഏതു കഥയിലും ഈ സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുള്ളതായി കാണാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1941 – ൽ പ്രസിദ്ധീകരിച്ച, കൊച്ചി രാജ്യചരിത്രം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കൊച്ചി രാജ്യ ചരിത്രത്തെ കുറിച്ചുള്ള ഒരു ലഘു ഗ്രന്ഥമാണിത്. ഏഴാം ക്ലാസിലേക്കുള്ള പാഠ്യ പദ്ധതി അനുസരിച്ചാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ചില ചരിത്ര സംഭവങ്ങളെ കുറിച്ച് അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാൽ പൊതുവിൽ സ്വീകരിക്കപ്പെട്ട ചരിത്രം മാത്രമാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1951 – ൽ പ്രസിദ്ധീകരിച്ച, പി.യം. കൃഷ്ണൻകുട്ടിനായർ  രചിച്ച ഇന്ത്യാഭരണം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു രാജ്യത്തിലെ പൗരന്മാർക്ക് എല്ലാവർക്കും തന്നെ ഭരണകൂടത്തിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുകൊള്ളാവുന്ന, പങ്കുകൊള്ളുവാൻ ബാധ്യതയുള്ള ഒരുതരം ഭരണസമ്പ്രദായത്തെയാണു ജനാധിപത്യഭരണം എന്ന പദംകൊണ്ട് ഉദ്ധേശിക്കുന്നത് . പൊതുജനങ്ങളിൽ ഓരോ ആൾക്കും ഭരണകാര്യത്തിൽ ഭാഗമാവാകാനുമുള്ള  അധികാരവും അവകാശവും ഉണ്ടെന്നുമാകുന്നു ജനാധിപത്യ ഭരണ രീതിയുടെ തത്വം. ഇങ്ങിനെ പൊതുജനങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികളുടെ ഒരു സംഘമാണു ഒരു ജനാധിപത്യ ഭരണകൂടത്തിലെ എല്ലാ അധികാരങ്ങളും കൊണ്ടുനടത്തുക. ഓരോ വോട്ടറും തൻ്റെ വോട്ടവകാശം ഏറ്റവും ബോധപൂർവ്വം ഉപയോഗിച്ചാൽ മാത്രമെ ഈ നാട്ടിൽ ക്ഷേമവും ഐശ്വര്യവും പുലരുവാൻ പോകുന്നുള്ളു. തങ്ങളുടെ വോട്ട് ബോധപൂർവ്വം വിനിയോഗിക്കണമെങ്കിൽ ഓരോവോട്ടർക്കും ഈ നാട് ഭരിക്കപ്പെടുന്നത് എങ്ങിനെയെല്ലാമാണു എന്നതിനെ സംബന്ധിച്ച് ഒരു സാമാന്യജ്ഞാനമെങ്കിലും ഉണ്ടാകേണ്ടത് അത്യാവശ്യമാണൂ. ഗവൺമൻ്റ് എന്നാൽ എന്ത്, ഗവൺമൻ്റിൻ്റെ കർത്തവ്യങ്ങൾ എന്തെല്ലാം, അത്തരം കാര്യങ്ങൾ ഈ നാട്ടിലെ ഗവണ്മൻ്റ് ഏതെല്ലാം രീതിയിലാണ് നിർവഹിക്കുന്നതു തുടങ്ങിയവയെപ്പറ്റി ഒരു ഏകദേശപരിജ്ഞാനം ഉള്ളവനു മാത്രമെ തൻ്റെ വോട്ട് യുക്തിപൂർവം വിനിയോഗിക്കുവാൻ സാധിക്കയുള്ളൂ. ഈ നാട്ടിലെ ലക്ഷക്കണക്കിലുള്ളസാധാരണക്കാക്ക് അത്തരത്തിലുള്ള ഒരു പ്രാഥമിക രാഷ്ട്രീയ പരിജ്ഞാനം ഉണ്ടാക്കിക്കൊടുക്കാനുള്ള ഒരു പുസ്തകം ആണിത്.  

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1955 – ൽ പ്രസിദ്ധീകരിച്ച, വി.വി. ഗോപാലൻ  രചിച്ച ശാസ്ത്രവും ലോകവും  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രവും ലോകവും എന്ന പുസ്തകം പ്രപഞ്ചത്തെയും മനുഷ്യ മനസ്സിനെയും കുറിച്ചുള്ള സമഗ്രമായ ഒരു വിജ്ഞാന ലേഖനമാണ്. അണുശക്തി, ജീവൻ്റെ ഉത്ഭവം, ഫ്രോയിഡിൻ്റെ മനഃശാസ്ത്രം, സ്വപ്നങ്ങൾ എന്നിവയെല്ലാം ഇതിൽ ലളിതമായി ചർച്ച ചെയ്യുന്നു. സങ്കീർണ്ണമായ ശാസ്ത്ര ആശയങ്ങൾ സാധാരണ വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം. ബാഹ്യലോകത്തെയും മനുഷ്യൻ്റെ ആന്തരിക മനസ്സിനെയും ഒരുപോലെ മനസ്സിലാക്കാൻ സഹായിക്കുന്ന മികച്ചൊരു വഴികാട്ടിയാണിത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

പി. ദാമോദരൻ പിള്ള രചിച്ച വിചാരതരംഗിണി  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പി. ദാമോദരൻ പിള്ളയുടെ പ്രബന്ധ സമാഹാരമാണ് "വിചാരതരംഗിണി". സാഹിത്യം, തത്ത്വചിന്ത, സൗന്ദര്യശാസ്ത്രം, സാമൂഹിക വിചാരങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ഗഹനമായ ലേഖനങ്ങളാണ് ഇതിലെ ഉള്ളടക്കം. കേരളത്തിലെ കാവ്യ പാരമ്പര്യത്തെക്കുറിച്ചും തുഞ്ചത്തെഴുത്തച്ഛന്റെ സാഹിത്യരംഗത്തെ സ്ഥാനത്തെക്കുറിച്ചും ഇതിൽ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്. സോക്രട്ടീസിൻ്റെ മരണം, സൂഫിസം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയത് വഴി എഴുത്തുകാരൻ ആഗോള തത്ത്വചിന്തകളെക്കൂടി ഈ കൃതിയിൽ സ്പർശിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930 - ൽ പ്രസിദ്ധീകരിച്ച, പ്രബോധചന്ദ്രോദയം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ഇപ്പോൾ ബുന്ദേൽ ഖണ്ഡ് എന്നറിയപ്പെടുന്ന പഴയ ജൈജാകമുക്തിയെന്ന സ്ഥലത്ത് പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതനാന് കൃഷ്ണമിശ്രൻ. അദ്ദേഹം കലകളുടെയും കാവ്യങ്ങളുടെയും പ്രോത്സാഹകനായിരുന്ന കീർത്തിവർമ്മൻ്റെ സദസ്യനായിരുന്നു. കീർത്തിവർമ്മരാജാവിൻ്റെ സേനാനായകൻ്റെ നിർദ്ദേശപ്രകാരം രചിച്ച നാടകമാണ് പ്രബോധചന്ദ്രോദയം എന്ന് വിശ്വസിക്കുന്നു

പ്രബോധചന്ദ്രോയത്തിന് വിശേഷമായ ബോധ നിലാവിൻ്റെ ഉദയമെന്നാണർത്ഥം. ഇത് ഒരു ആദ്ധ്യാത്മിക കൃതിയാണ്. വിവേകം, മതി(ബുദ്ധി), പ്രബോധം, ശ്രദ്ധ, ശാന്തി, കരുണ, മൈത്രി, വിഷ്ണുഭക്തി, ക്രോധം, രതി, അഹങ്കാരം, ഹിംസ ഇങ്ങനെ മനുഷ്യരുടെ മാനസികഭാവങ്ങളെയും അവസ്ഥകളെയും കഥാപാത്രങ്ങളാക്കിയാണ് കൃഷ്ണമിശ്രൻ നാടകം രചിച്ചിരിക്കുന്നത്. ഫദിഗംബരൻ, ഭിക്ഷു, ക്ഷപണകൻ തുടങ്ങിയ കഥാപാത്രങ്ങളും നാടകത്തിലുണ്ട്

വിവേകരാജാവും മഹാമോഹരാജാവും തമ്മിൽ യുദ്ധം ഉണ്ടാവുന്നു. അവർക്ക് സൈന്യമായി ഇരുവശത്തും ശാന്തി-സമാധാന-ദയ-അനുകമ്പ-ശ്രദ്ധ തുടങ്ങിയവരും കാമ-ക്രോധ-ലോഭങ്ങളും ഇരുവശത്തുമായി ചേരുന്നു. മഹാവിഷ്ണുവിൻ്റെ സഹായത്തോടെ വിവേകരാജാവ് മഹാമോഹത്തെ പരാജയപ്പെടുത്തുകയും ഉപനിഷദ് ദേവിയുമായി ഒന്നിച്ച് പ്രബോധ എന്ന കുട്ടി ജനിക്കുകയും ചെയ്യുന്നതാണ് കഥ. ശാന്തരസപ്രധാനമാണ് നാടകം.

കുമാരനാശാൻ്റെ ആദ്യകാല കൃതികളിലൊന്നാണ് പ്രബോധചന്ദ്രോദയത്തിൻ്റെ പരിഭാഷ. അദ്ദേഹത്തിൻ്റെ മരണത്തിനു ശേഷം 1930-ലാണ് ഈ കൃതി പ്രസാധനം ചെയ്യുന്നത്. മുഖവുര എഴുതിയത് അദ്ദേഹത്തിൻ്റെ പത്നിയായ കെ. ഭാനുമതിയമ്മയാണ്. നന്ത്യാരുവീട്ടിൽ കെ. പരമേശ്വരൻ പിള്ള അവതാരിക എഴുതിയിരിക്കുന്നു

കൊല്ലത്തു നിന്നുള്ള കണ്ണൻ ഷണ്മുഖം മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

1936-ൽ പ്രസിദ്ധീകരിച്ച, കരൂർ കെ. മാധവക്കുരുക്കൾ എഴുതിയ കഥകളി പ്രദീപിക ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്മൂന്നു ഭാഗങ്ങളായി കഥകളി പ്രദീപിക പ്രസിദ്ധീകരിക്കാനാണ് ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നതെന്നും അതിൻ്റെ ആദ്യഭാഗമാണ് ഈ പുസ്തകമെന്നും ആമുഖത്തിൽ കാണുന്നു. കഥകളി എന്ന കേരളീയ ദൃശ്യകാവ്യപ്രസ്ഥാനത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. പ്രശസ്തരായ ആട്ടക്കഥാകർത്താക്കളെക്കുറിച്ചും അവരുടെ കൃതികളെക്കുറിച്ചുമുള്ള ലഘുവിവരണങ്ങൾ നൽകിയിരിക്കുന്നു. കൊട്ടാരക്കര തമ്പുരാൻ, കോട്ടയത്തു തമ്പുരാൻ, ഉണ്ണായിവാര്യർ, ഇരയിമ്മൻ തമ്പി, വള്ളത്തോൾ നാരായണമേനോൻ, കുഞ്ചൻ നമ്പ്യാർ..എന്നിവർ പുസ്തകത്തിൽ പരാമർശിക്കുന്ന ആട്ടക്കഥാകൃത്തുകളിൽ ചിലരാണ്

കേരളകലാമണ്ഡലത്തിൻ്റെ സ്ഥാപകനും കഥകളിയുടെ വളർച്ചക്ക് ഏറെ സംഭാവനകൾ നൽകുകയും ചെയ്ത കവി വള്ളത്തോൾ നാരായണമേനോൻ്റെ ജീവിതസംഗ്രഹം അനുബന്ധമായി കൊടുത്തിട്ടുണ്ട്. ശൂരനാട് പി. എൻ കുഞ്ഞൻ പിള്ള ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.