Release notes

2,924 release notes

1940 -ൽ പ്രസിദ്ധീകരിച്ച, എൽ. എം. ചിതളേ രചിച്ച ആകാശക്രമണവും രക്ഷാമാർഗ്ഗങ്ങളും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

രണ്ടാം ലോകമഹായുദ്ധകാലത്ത് (ഏകദേശം 1940-ൽ) വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ബ്രിട്ടീഷ് ഇന്ത്യൻ ഗവൺമെൻ്റ്  മലയാളത്തിൽ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രതിരോധ സഹായിയാണ് (Air Raid Precautions) ഈ പുസ്തകം. യൂറോപ്പിൻ്റെ തകർച്ചയും, ലണ്ടനിലും ചൈനയിലും നടന്ന ബോംബാക്രമണങ്ങളുടെ ഭീകരതയും ഈ പുസ്തകത്തിൽ വിവരിക്കുന്നു. ഇറ്റലി ജർമ്മനിയുടെ പക്ഷം ചേർന്നതോടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ബോംബെ, കൽക്കത്ത, കറാച്ചി എന്നിടങ്ങളിൽ നേരിട്ട വ്യോമാക്രമണ ഭീഷണിയെ കുറിച്ചും, കൽക്കത്തയിൽ ഭൂഗർഭ അറകൾ (Bunkers) നിർമ്മിച്ചതും 'ബ്ലാക്ക്ഔട്ട്' (വിളക്കുകൾ അണയ്ക്കുന്ന നിയമം) ഏർപ്പെടുത്തിയതും തുടർന്ന് പ്രഥമശുശ്രൂഷാ സംഘങ്ങളെ സജ്ജമാക്കിയതിനെ കുറിച്ചും ഇവിടെ ലേഖകൻ വ്യക്തമായി പ്രതിപാദിക്കുന്നു. ആധുനിക യുദ്ധമുറകളെക്കുറിച്ചും അതിൽ നിന്നുള്ള രക്ഷാമാർഗ്ഗങ്ങളെക്കുറിച്ചും കൃത്യമായ ശാസ്ത്രീയ അറിവ് ജനങ്ങൾക്ക് ഈ പുസ്തകം വായിക്കുന്നതിലൂടെ ലഭിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

എ. മുഹമ്മദ് സാഹിബ് പ്രസിദ്ധീകരിച്ച, ചാർ ദർവേശ് അഥവാ നാലു ഫക്കീറന്മാർ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ കൃതി ഉർദു സാഹിത്യത്തിലെ പ്രശസ്തമായ ബാഗ്-ഒ-ബഹാർ (Bagh-o-Bahar) എന്ന ഗ്രന്ഥത്തിൻ്റെ മലയാളാവിഷ്കാരമാണ്. നാല് ഫക്കീറന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങളും പ്രണയ-സാഹസിക കഥകളും വിവരിക്കുന്ന ഈ കഥാസമാഹാരം മലയാള വായനക്കാർക്കിടയിലും ശ്രദ്ധ നേടിയിരുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1933 -ൽ പ്രസിദ്ധീകരിച്ച, ഇ. വി. കൃഷ്ണപിള്ള രചിച്ച ഭാസ്ക്കരൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിൽ ഭാസ്കരൻ എന്ന കഥാപാത്രത്തിലൂടെ ആ കാലഘട്ടത്തിലെ ഒരു വിദ്യാർത്ഥിയുടെ അനുഭവങ്ങളും ധാർമ്മിക മൂല്യങ്ങളും ദൈനംദിന ജീവിതവും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഭാസ്കരൻ എന്ന കുട്ടി, തൻ്റെ നിഷ്കളങ്കത കൊണ്ടും നല്ല ശീലങ്ങൾ കൊണ്ടും മുതിർന്നവരോടുള്ള ബഹുമാനം കൊണ്ടും എല്ലാവരുടെയും പ്രിയങ്കരനായി മാറുന്നതാണ് ഇതിവൃത്തം. ​കുട്ടികളിൽ സൽസ്വഭാവം, സത്യസന്ധത, മാതാപിതാക്കളോടും മുതിർന്നവരോടുമുള്ള സ്നേഹം എന്നിവ വളർത്താൻ ഉതകുന്ന ചെറിയ കൊച്ചു സംഭവങ്ങളിലൂടെയാണ് ഇ.വി. കൃഷ്ണപിള്ള ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1932 -ൽ പ്രസിദ്ധീകരിച്ച, കുന്നത്ത് ജനാർദ്ദനമേനോൻ രചിച്ച ആശാഭംഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കുന്നത്തു ജനാർദ്ദനമേനോൻ രചിച്ച 'ആശാഭംഗം' എന്ന നോവൽ, മുഗൾ ചക്രവർത്തിയായ അക്ബറുടെ ഭരണകാലത്തെ ചരിത്രപശ്ചാത്തലത്തിൽ വിടർന്ന ഉദാത്തമായൊരു പ്രണയദുരന്തമാണ്. ഗംഗാ-യമുനാ നദികളുടെ പുണ്യതീരത്തുള്ള വീരനഗരത്തിൽ ഒന്നിച്ച് കാൽപ്പാടുകൾ പതിപ്പിച്ചു വളർന്ന നരേന്ദ്രൻ, ശ്രീശൻ, ഹേമലത എന്നീ മൂന്ന് ആത്മാക്കളുടെ സങ്കീർണ്ണമായ ഹൃദയബന്ധങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. അഭിജാതവംശജനും സമ്പന്നനുമെങ്കിലും ആത്മനിയന്ത്രണമില്ലാത്ത കോപിഷ്ഠനായിരുന്നു നരേന്ദ്രൻ; എന്നാൽ ദരിദ്രപശ്ചാത്തലത്തിൽ നിന്നുള്ള ശ്രീശനാകട്ടെ ബലിഷ്ഠനും അതിലേറെ ശാന്തനുമായിരുന്നു. ഹേമലതയുടെ നിർമ്മലമായ സൗഹൃദത്തിനായി ബാല്യത്തിൽത്തന്നെ ഇവർക്കിടയിൽ മത്സരത്തിന്റെ വിത്തുകൾ പാകപ്പെട്ടിരുന്നു. കൗമാരം യൗവനത്തിന് വഴിമാറിയപ്പോൾ, ഹേമലതയുടെ മനസ്സിൽ ശ്രീശനോടുള്ള പ്രണയം പച്ചപിടിക്കുന്നത് നരേന്ദ്രനിൽ കടുത്ത അസൂയയും വിദ്വേഷവും ജനിപ്പിച്ചു. എന്നാൽ കാലത്തിൻ്റെ അനിവാര്യമായ ഒഴുക്കിലും സാമൂഹിക വ്യവസ്ഥിതികളുടെ സമ്മർദ്ദത്തിലും പെട്ട് ഹേമലതയ്ക്ക് മറ്റൊരാളുടെ പരിണയപങ്കാളിയാകേണ്ടി വന്നു.

വർഷങ്ങൾക്ക് ശേഷം, നഷ്ടപ്രണയത്തിൻ്റെ ഓർമ്മകളിൽ ഉരുകുന്ന നരേന്ദ്രൻ ഹേമലതയെ വീണ്ടും അഭിമുഖീകരിക്കുമ്പോൾ കഥ അതിൻ്റെ വൈകാരികമായ പരകോടിയിൽ എത്തുന്നു. താൻ പ്രാണനെപ്പോലെ സ്നേഹിച്ച നരേന്ദ്രനെ ഓർക്കുമ്പോഴും, തന്റെ പതിവ്രതാധർമ്മത്തിനും ഭർത്താവിനോടുള്ള വിശ്വസ്തതയ്ക്കും മുകളിൽ കറപുരണ്ടൊരു ജീവിതം നയിക്കാൻ ഹേമലത തയ്യാറായില്ല. ഒടുവിൽ, ഒമ്പത് വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ അനുരാഗത്തിന്റെ അനശ്വര പ്രതീകമായി നരേന്ദ്രൻ തൻ്റെ കൈകളിൽ അണിയിച്ചിരുന്ന 'മുല്ലവള്ളിവള', അവനെക്കൊണ്ടുതന്നെ അഴിപ്പിച്ച് അവൾ യമുനാനദിയിലെ പ്രവാഹത്തിലേക്ക് ഒഴുക്കിക്കളയുന്നു. ആ വളയോടൊപ്പം അവരുടെ ഒന്നാകാനുള്ള സകല പ്രതീക്ഷകളും ഒലിച്ചുപോയ ആ നിമിഷമാണ് നോവലിൻ്റെ പേരിനെ അന്വർത്ഥമാക്കുന്ന 'ആശാഭംഗം'. വ്യക്തിപരമായ കാമനകൾക്കും പ്രണയനൈരാശ്യങ്ങൾക്കും അപ്പുറം, മനുഷ്യൻ ജീവിക്കേണ്ടത് അവനവൻ്റെ കടമകളും സനാതനമായ 'സ്വധർമ്മവും' അനുഷ്ഠിച്ചുകൊണ്ടാവണമെന്ന വലിയൊരു തത്വശാസ്ത്രം നരേന്ദ്രനെ ബോധ്യപ്പെടുത്തി, അവനെ രാജ്യഭരണത്തിലേക്ക് മടക്കി അയക്കുന്ന ഹേമലതയുടെ ആത്മത്യാഗത്തോടെയാണ് ഈ ക്ലാസിക് കൃതി അവസാനിക്കുന്നത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1949-ൽ പ്രസിദ്ധീകരിച്ച, മഹാകവി പള്ളത്തിൻ്റെ കൃതികൾ – രണ്ടാം വാല്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ ഗ്രന്ഥം മലയാളത്തിലെ പ്രസിദ്ധ കവിയായ പള്ളത്ത് രാമൻ രചിച്ച കൃതികളുടെ സമാഹാരമായി 1949-ൽ പ്രസിദ്ധീകരിച്ച രണ്ടാം  വാല്യമാണ്. കേരളത്തിലെ നവോത്ഥാനകാല സാഹിത്യധാരയുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക, ദേശീയ ചിന്തകൾ പ്രതിഫലിപ്പിക്കുന്ന കവിതകൾ ആണ് ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1946 – ൽ പ്രസിദ്ധീകരിച്ച, കെ. ഗോദവർമ്മ രചിച്ച കാദംബരി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി ബാണഭട്ടൻ രചിച്ച പ്രശസ്ത ഗദ്യകാവ്യത്തിൻ്റെ മലയാള പരിഭാഷയാണ് ഈ ഗ്രന്ഥം. കെ. ഗോദവർമ്മ (കിളിമാനൂർ ഗോദവർമ്മ)യാണ് മലയാളത്തിലേക്ക് ഇതിനെ പരിഭാഷപ്പെടുത്തിയ സാഹിത്യകാരൻ. പ്രണയം, പുനർജന്മം, ദൈവികത എന്നിവയാണ് പ്രധാന പ്രമേയങ്ങൾ. നായകൻ ചന്ദ്രപീഡനും നായിക കാദംബരിയും കേന്ദ്ര കഥാപാത്രങ്ങളാണ്. സംസ്കൃത ഗദ്യസാഹിത്യത്തിലെ ശ്രേഷ്ഠ കൃതികളിലൊന്നായി ഈ പുസ്തകം വിലയിരുത്തപ്പെടുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1948-ൽ പ്രസിദ്ധീകരിച്ച, സഹകരണമാഹാത്മ്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

1944 മുതൽ അഞ്ചു വർഷത്തെ തിരുവിതാംകൂർ സഹകരണ പ്രസ്ഥാനത്തിൻ്റെയും ജോയിൻ്റ് ബ്ലോക്ക് കമ്പനികളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് തിരുവിതാംകൂർ സഹകരണസംഘം രജിസ്ട്രാർ ആയിരുന്ന കെ മാധവക്കുറുപ്പ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് ''സഹകരണമാഹാത്മ്യം''. 1944 മുതൽ 1949 വരെയുള്ള കാലയളവിൽ അദ്ദേഹം നടത്തിയവയാണ് ഈ പ്രസംഗങ്ങളും രചനകളും. 52 വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. അവസാനഭാഗത്തുള്ള കുറിപ്പ് ജോലിയിൽ നിന്നു വിരമിച്ച ശേഷം മാധവക്കുറുപ്പ് തനിക്കു ലഭിച്ച മംഗളപത്രങ്ങൾക്കും ആശംസകൾക്കും നൽകിയ മറുപടിയാണ്. ഈ മേഖലയെ സവിശേഷമായി സംബന്ധിക്കുന്ന വിവരങ്ങൾ അതിലും അടങ്ങിയിരിക്കുന്നതിനാൽ സമാഹാരത്തിൽ ഉൾക്കൊള്ളിച്ചതാണ്. മലയാളത്തിൽ സഹകരണസ്ഥാപനങ്ങളെക്കുറിച്ചുള്ള രചനകൾ വിരളമായതു കൊണ്ടുള്ള ന്യൂനത പരിഹരിക്കുക എന്ന ലക്ഷ്യം ഈ പുസ്തകത്തിൻ്റെ രചനക്കു പിന്നിലുണ്ട്

സമൂഹത്തിൻ്റെ സാമ്പത്തികാഭിവൃദ്ധിക്കുള്ള ഉചിതമായ മാർഗംസഹകരണമായതു കൊണ്ട് 'ഭാവികാലത്തിൻ്റെ മതമാണ് സഹകരണപ്രസ്ഥാനങ്ങൾ' എന്ന സമീപനവും പുസ്തകം സ്വീകരിച്ചിരിക്കുന്നു. സഹകരണമേഖലയിൽ പ്രവർത്തിക്കുന്നവർക്കും സാധാരണ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദവും രസകരവും ആയിരിക്കും ഈ പുസ്തകമെന്ന് അവതാരികയിൽ സഹകരണ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡൻ്റ് ജി.ആർ പിള്ള എഴുതുന്നു. 1940-കളിലെ തിരുവിതാംകൂറിലെ സാമ്പത്തിക കാര്യങ്ങളും ബാങ്കുകളുടെ വിവരങ്ങളും മറ്റും മനസ്സിലാക്കാനുള്ള സ്രോതസ്സു കൂടിയാണ് ഈ പുസ്തകം. ട്രഷറി ബാങ്ക്, സെൻട്രൽ ബാങ്ക്, പോസ്റ്റൽ സേവിങ്സ് ബാങ്ക്, നെടുങ്ങാടി ബാങ്ക്, ഇമ്പീരിയൽ ബാങ്ക്, ദ ട്രാവൻ കൂർ ബാങ്ക്, ഈസ്റ്റേൺ മർക്കൻ്റയിൽ ബാങ്ക്, ഇന്ത്യൻ റിസർവ് ബാങ്ക് തുടങ്ങിയ ബാങ്കുകളെയും അവയിലെ നിക്ഷേപങ്ങളെയും പറ്റിയുള്ള വിവരങ്ങൾ പുസ്തകത്തിൽ നിന്നു ലഭിക്കുന്നതാണ്

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്.

1918 – ൽ സി.എം.എസ് പ്രെസ്സ്,കോട്ടയം പ്രസിദ്ധീകരിച്ച, റിച്ചാർഡ് കോളിൻസ് രചിച്ചമലയാള നിഘണ്ടു എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കോട്ടയം സി.എം.എസ് കോളേജിൻ്റെ പ്രിൻസിപ്പലായിരുന്ന റിച്ചാർഡ് കോളിൻസ് 1865-ലാണ് ഈ നിഘണ്ടു ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. കോളിൻസിൻ്റെ മരണശേഷവും ഈ നിഘണ്ടുവിൻ്റെ  ജനപ്രീതിയും ആവശ്യകതയും കുറഞ്ഞില്ല. തുടർന്ന് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ പ്രശസ്ത പണ്ഡിതനും സി.എം.എസ് കോളേജിലെ മലയാളം ലക്ചററുമായിരുന്ന കെ. ശങ്കരപിള്ള ഈ നിഘണ്ടു സമഗ്രമായി പരിഷ്കരിക്കുകയും പുതിയ വാക്കുകളും ശൈലികളും കൂട്ടിച്ചേർത്ത് 1918-ൽ മൂന്നാംപതിപ്പ് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം നിഘണ്ടുവിൻ്റെ  ഒന്നാം പതിപ്പിൻ്റെ ആമുഖം ഈ പുസ്തകത്തിൽ കാണുവാൻ സാധിക്കുന്നു. തൻ്റെ  നിഘണ്ടു നിർമ്മാണത്തിൻ്റെ ഉദ്ദേശ്യത്തെക്കുറിച്ചും, ഭാഷാപരമായ ഘടനയെക്കുറിച്ചും, സ്വീകരിച്ചിരിക്കുന്ന വ്യാകരണ നിയമങ്ങളെക്കുറിച്ചും ഇതിൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. മലയാള ഭാഷ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യലോകത്തിൻ്റെ ആവശ്യങ്ങളെ പരിഹരിക്കാൻ ഈ നിഘണ്ടു പരിഷ്കരിച്ച് അവതരിപ്പിക്കേണ്ടത് അനിവാര്യമായിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന മലയാള പാഠപുസ്തകങ്ങൾ പരിശോധിച്ച്, അതിലെ നിരവധി പുതിയ വാക്കുകൾ അർത്ഥവിവരണത്തോടെ ഇതിൽ ചേർക്കുകയും, മലയാള സാഹിത്യ കൃതികളിൽ കാണാറുള്ള സംസ്കൃത പദങ്ങൾ പ്രത്യേകം തിരഞ്ഞുപിടിച്ച് ചേർക്കുകയും അവയ്ക്ക് കൃത്യമായ അർത്ഥം നൽകാൻ കൂടുതൽ ശ്രദ്ധിക്കുകയും ചെയ്തു. 'അ', 'ഇ', 'എ' എന്നീ ചുട്ടെഴുത്തുകളെ അക്ഷരക്രമമനുസരിച്ച് അതത് സ്ഥാനങ്ങളിൽ ചേർത്ത് ഉദാഹരണസഹിതം വിവരിച്ചിരിക്കുന്നതും ഈ പതിപ്പിൻ്റെ ഒരു പുതിയ പ്രത്യേകതയാണ്. പഴയ അർത്ഥവിവരണങ്ങളെ ഇപ്പോഴത്തെ പുതിയ വ്യാകരണ നിയമങ്ങളോട് യോജിപ്പിച്ചു. സൂചകാക്ഷരങ്ങളുടെ അർത്ഥം വിവരിക്കുന്നിടത്ത് പഴയ വ്യാകരണ ശബ്ദങ്ങൾക്കൊപ്പം പുതിയ പേരുകളും കാണിച്ചിട്ടുണ്ട്. ഭാഷയിലെ പഴയ രീതികൾ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, 'നിറയുന്നു', 'ചമയുന്നു' എന്നിങ്ങനെയുള്ള പദങ്ങളിലെ താലവ്യ അകാരത്തെ പഴയ വടക്കൻ മലയാള രീതിയായ 'നിറെയുന്നു', 'ചമെക്കുന്നു' എന്നിങ്ങനെ 'എ' കാരമാക്കി തന്നെയാണ് അച്ചടിച്ചിരിക്കുന്നത്. ഈ നിഘണ്ടു പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് വിലയേറിയ ഉപദേശങ്ങൾ നൽകി സഹായിച്ച കേരളപാണിനി എ.ആർ. രാജരാജവർമ്മക്കുള്ള കടപ്പാടും നന്ദിയും പ്രസാധകർ ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്

1925 – ൽ പ്രസിദ്ധീകരിച്ച,  ചിറ്റൂർ എഴുവത്ത് നാണുക്കുട്ടിമേനോൻ രചിച്ച ശ്രീമഹാഭാഗവതം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട 'ശ്രീമഹാഭാഗവതം' എന്ന മഹാഗ്രന്ഥത്തിൻ്റെ കാതലായ വശങ്ങളും കഥകളും ലളിതമായി സംഗ്രഹിച്ചെടുത്ത് തയ്യാറാക്കിയ ഒരു പുനരാഖ്യാനമാണിത്. ശ്രീമാൻ കോരാത്തെ നാരായണമേനോൻ എഴുതിയ വ്യാഖ്യാനത്തോട് കൂടിയാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. ശ്രീമാൻ വടക്കേപ്പാട്ടെ നാരായണൻ നായർ എഴുതിയ ഗ്രന്ഥകർത്താവിൻ്റെ ജീവചരിത്രവും ഈ പുസ്തകത്തിൻ്റെ ആരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതായി കാണാം. മലയാളത്തിലെ ഭക്തിപ്രസ്ഥാനത്തിൻ്റെ മുഖമുദ്രയായ കിളിപ്പാട്ട് ശൈലിയിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. സംസ്കൃത പദങ്ങൾക്ക് വലിയ പ്രധാന്യമുള്ള, എന്നാൽ സാധാരണക്കാർക്ക് മനസ്സിലാകുന്ന 'മണിപ്രവാള' ഭാഷാശൈലിയാണ് ഇതിലുള്ളത്.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1954 – ൽ പ്രസിദ്ധീകരിച്ച, എ.ഡി. ഹരിശർമ്മ പ്രസിദ്ധീകരിച്ച അദ്ധ്യാത്മരാമായണം - അയോദ്ധ്യാകാണ്ഡം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരളീയ ഭക്തിസാഹിത്യത്തിൽ അതുല്യ സ്ഥാനമുള്ള കൃതിയാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ട്. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളിക്ക് സമ്മാനിച്ച ഈ അമൂല്യ ഗ്രന്ഥത്തിലെ ഏറ്റവും ഭക്തിപൂർണ്ണവും ആത്മീയഗാംഭീര്യമുള്ള ഭാഗവുമാണ് അയോദ്ധ്യാകാണ്ഡം. സാധാരണ വായനക്കാരനും എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ച പ്രധാന വ്യാഖ്യാനങ്ങളിൽ ഒന്നാണ് ഏ.ഡി. ഹരിശർമ്മയുടെ വ്യാഖ്യാനസഹിതമുള്ള ഈ പുസ്തകം.ശ്രീരാമൻ്റെ വനവാസത്തിലേക്കുള്ള യാത്രയും, ധർമ്മനിഷ്ഠയും, ത്യാഗവും, ഭക്തിയും പ്രതിപാദിക്കുന്ന ഭാഗമാണ് ഇത്. കേരളത്തിൽ കർക്കിടകമാസത്തിൽ പാരായണം ചെയ്യപ്പെടുന്ന പ്രധാന ഭാഗങ്ങളിലൊന്നാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930 – ൽ പ്രസിദ്ധീകരിച്ച, ഒ.എം. ചെറിയാൻ രചിച്ച സാഹിത്യവിഹാരം - കുഞ്ചൻ നമ്പ്യാർ  എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

സാഹിത്യവിഹാരം മലയാള സാഹിത്യത്തിലെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഒരു പ്രാരംഭ സാഹിത്യപഠനഗ്രന്ഥമാണ്. സാഹിത്യചരിത്രം, കൃതികൾ, സാഹിത്യവിലയിരുത്തൽ എന്നിവയെ ലളിതവും ആസ്വാദ്യകരവുമായി അവതരിപ്പിക്കുന്നതിനാൽ മലയാള സാഹിത്യപഠനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉപയോഗപ്രദമായ ഒരു കൃതിയായി ഇത് കണക്കാക്കപ്പെടുന്നു.

ഈ പുസ്തകത്തിൽ കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ പാട്ടുകളായ ദമയന്തീ സ്വയംവരം, ധ്രുവചരിതം, ത്രിപുരദഹനം, കൃഷ്ണാർജ്ജുനവിജയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സാധാരണക്കാർക്ക് വായിച്ചു മനസ്സിലാക്കാൻ സഹായിക്കുന്ന അഖ്യായികയും ചേർത്തിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1923 – ൽ പ്രസിദ്ധീകരിച്ച, വള്ളത്തോൾ രചിച്ച ചിത്രയോഗം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി വള്ളത്തോൾ നാരായണമേനോൻ മണിപ്രവാള ശൈലിയിൽ രചിച്ച പ്രശസ്തമായ ഒരു ആദ്യകാല മഹാകാവ്യമാണ് ചിത്രയോഗം (താരാവലീചന്ദ്രസേനം). കേരളീയ കാവ്യലോകത്ത് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള ഈ കൃതി, പുരാണ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകാവ്യമാണ്. അതിശ്രേഷ്ഠവും സമ്പൽസമൃദ്ധവുമായ നിഷധരാജ്യവും അവിടുത്തെ സ്വർഗ്ഗതുല്യമായ അളകാപുരി എന്ന നഗരവുമാണ് കഥയുടെ പശ്ചാത്തലം. ആകാശമുട്ടുന്ന കരിങ്കൽ കോട്ടമതിലുകളും എപ്പോഴും സംഗീതസാന്ദ്രമായ അന്തരീക്ഷവുമുള്ള അളകാപുരിയുടെ മനോഹരമായ വർണ്ണനയോടെയാണ് ഈ മഹാകാവ്യം ആരംഭിക്കുന്നത്. കാവ്യത്തിലെ നായികയായ താരാവലി രാജകുമാരിയുടെയും, നായകനായ ചന്ദ്രസേനൻ എന്ന വീരയോദ്ധാവിൻ്റെയും തീവ്രമായ പ്രണയമാണ് ഇതിൻ്റെ ജീവൻ. കടുത്ത പ്രതിസന്ധികളിലൂടെയും ജീവിത വെല്ലുവിളികളിലൂടെയും കടന്നുപോകുന്ന ഇവരുടെ നാടകീയമായ പ്രണയകഥയും സാഹസികതകളും വള്ളത്തോൾ ഇതിൽ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. വള്ളത്തോളിൻ്റെ കവിത്വത്തിൻ്റെ ഗാംഭീര്യം ഒട്ടും ചോർന്നുപോകാതെ, സാധാരണ വായനക്കാരനും വരികളുടെ അർത്ഥം എളുപ്പത്തിൽ മനസ്സിലാക്കാൻ പ്രശസ്ത പണ്ഡിതൻ കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ തയ്യാറാക്കിയ ലളിതമായ വ്യാഖ്യാനം ഈ കൃതിക്ക് കൂടുതൽ മാറ്റുകൂട്ടുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.