All release notes

Release note

1946-ൽ പ്രസിദ്ധീകരിച്ച, കെ. പരമുപിള്ള എഴുതിയ രാജകുമാരി എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പകൽസമയം സ്വപ്നം കാണുകയും യാഥാർത്ഥ്യവും ഛായകളും തമ്മിൽ തിരിച്ചറിയാൻ കഴിയാതെ വരികയും ചെയ്യുന്ന ഒരു പഴയ ശാപത്തിന് ഇരയായ സുനേത്രൻ എന്ന രാജകുമാരനാണ് ഈ കഥ വിവരിക്കുന്നത്. ബാല്യകാലത്ത് തന്നെ അയൽരാജ്യത്തെ ഇഭാദേവി എന്ന രാജകുമാരിയുമായി പാദുകാരഹിത താംബൂലനിശ്ചയം വഴി അദ്ദേഹത്തിൻ്റെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. സുനേത്രനു പ്രായപൂർത്തിയായപ്പോൾ, വിവാഹത്തിനായി കുമാരിയെ കൂട്ടിക്കൊണ്ടുവരാൻ രാജാവ് ദൂതന്മാരെ അയക്കുന്നു. എന്നാൽ സുമതി, വിശുദ്ധ എന്നീ രണ്ടു വിദുഷികളുടെ സ്വാധീനത്താൽ തീവ്രമായ സ്ത്രീ സമത്വവാദ ആശയങ്ങൾ സ്വീകരിച്ച കുമാരി വിവാഹബന്ധം നിരസിക്കുന്നു. പുരുഷാധിപത്യത്തെ എതിർക്കാനും സ്ത്രീകൾക്കു മാത്രമായി വിദ്യ അഭ്യസിപ്പിക്കാനും സ്വതന്ത്രരായി ജീവിക്കാനുമായി അവൾ രാജ്യത്തിൻ്റെ അതിർത്തിയിൽ ഒരു കലാലയം സ്ഥാപിക്കുകയും അവിടെ പുരുഷന്മാർക്കു പൂർണ്ണ പ്രവേശനം വിലക്കുകയും ചെയ്യുന്നു. കുമാരിയുടെ ചിത്രത്തോടുള്ള പ്രണയത്താലും അവളെ നേരിട്ടു കാണാനുള്ള ആഗ്രഹത്താലും രാജകുമാരൻ സുനേത്രനും അദ്ദേഹത്തിൻ്റെ പ്രിയസുഹൃത്തുക്കളായ സരളനും മോഹനനും സ്ത്രീവേഷം കെട്ടി ആരുമറിയാതെ ഈ കലാലയത്തിൽ പ്രവേശിക്കുന്നു. കലാലയത്തിനുള്ളിൽ ചരിത്രം, തത്വശാസ്ത്രം, ഗോളശാസ്ത്രം, കായിക പരിശീലനങ്ങൾ എന്നിവ യുവതികളെ പഠിപ്പിക്കുന്നതു അവർ കാണുന്നു. അവിടെവെച്ച് മോഹനൻ തൻ്റെ പെങ്ങളായ സുമതിയെ തിരിച്ചറിയുന്നു.  തുടർന്നുണ്ടാകുന്ന നാടകീയമായ സംഭവങ്ങളും, യുദ്ധരംഗവും, ഒടുവിൽ രാജകുമാരിയുടെ മനസ്സ് മാറി രാജകുമാരനുമായി ഒന്നിക്കുന്നതുമാണ് കഥയുടെ ചുരുക്കം.

വിദ്യാഭ്യാസ വിചക്ഷണനും നായർ സമുദായ പരിഷ്കർത്താക്കളിൽ പ്രമുഖനുമായിരുന്നു ഗ്രന്ഥകർത്താവായ കെ. പരമുപിള്ള. തിരുവിതാംകൂറിൽ ആദ്യമായി എം.എ. ബിരുദം നേടിയ ഇദ്ദേഹം എം.എ പരമുപിള്ള എന്നും അറിയപ്പെട്ടു. മാക്സ് മുള്ളർ രചിച്ച രാമകൃഷ്ണൻ്റെ ജീവിതവും വചനങ്ങളും എന്ന ഗ്രന്ഥത്തിൽ നിന്ന് പ്രചോദിതനായി ഭഗവാൻ ശ്രീരാമകൃഷ്ണൻ ജീവചരിത്രവും സദ് വാക്യങ്ങളും, വിഭ്രമ വിലാസം, മനോമോഹനകഥകൾ, മാസ്മരവിദ്യ, ഹിപ്നോട്ടിസം തുടങ്ങിയ കൃതികൾ രചിച്ചു

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ്  ശ്രീകൃഷ്ണ വിലാസം ലൈബ്രറിയിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമായത്